« »
Image Hosted At MyspaceGens


സ്കൂള്‍ ഭൂമി വിട്ടുകൊടുപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെഎസ്ടിഎ

ഹരിപ്പാട്: കാര്‍ത്തികപ്പള്ളി ഗവ. യുപി സ്കൂളിന്റെ സ്ഥലം ഐഎച്ച്ആര്‍ഡി കോളേജിനു വേണ്ടി ഭരണസ്വാധീനം ഉപയോഗിച്ച് ബലമായി വിട്ടുകൊടുപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്‍വാങ്ങണമെന്ന് കെഎസ്ടിഎ ഹരിപ്പാട് ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ട് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കാര്‍ത്തികപ്പള്ളി ഗവ. യുപി സ്കൂളിനെ സ്വകാര്യ സ്കൂളുകളുടെ താല്‍പ്പര്യത്തിനായി വര്‍ഷങ്ങളായി അധികൃതര്‍ അവഗണിക്കുകയായിരുന്നു. സ്വാഭാവിക മരണത്തിലേക്ക് നീങ്ങിയ സ്കൂളിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും സബ്ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ യുപി സ്കൂളായി മാറുകയും ചെയ്തു. ഇപ്പോള്‍ 285 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് കാര്‍ത്തികപ്പള്ളിയില്‍ ഐഎച്ച്ആര്‍ഡി കോളജ് ആരംഭിച്ചപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതുവരെ വ്യവസ്ഥകള്‍ക്ക് വിധേമായി സ്കൂളിന്റെ കെട്ടിടങ്ങള്‍ താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി നേടിയ കോളേജ് അധികൃതര്‍ സ്കൂളിന്റെ കെട്ടിടങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ സ്കൂളിന്റെ സ്ഥലം ഉള്‍പ്പെടെ കൈവശപ്പെടുത്താന്‍  നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കാര്‍ത്തികപ്പള്ളി യുപി സ്കൂളിനെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ അടിയന്തരമായി പിന്മാറണം.